ബുധനാഴ്‌ച, മേയ് 20, 2015

'യന്ത്രപക്ഷിയുടെ ചാരത്ത് ഒരു സുന്ദരനാട്'

ചോലമാട്, (വെള്ളാര്) പ്രകൃതി ഭംഗിയുടെ സിരാകേന്ദ്രം. ചാത്തനും കുറുഞ്ഞിയും പോക്കരും ബീപാത്തുവും ഒന്നിച്ചു വസിക്കുന്ന മത മൈത്രിയുടെ നാട്. കരിപ്പൂര് എയര്പോര്ട്ടില് നിന്ന് രണ്ടര കീലോമീറ്റര് മാത്രം. ജനാധിപത്യത്തിലൂടെ ഭരണസിരാകേന്ദ്രം അലങ്കരിച്ചവരും മാഷന്മാരും, ചിന്തകന്മാരും, ചിത്രകാരന്മാരും, ചരിത്രകാരന്മാരും, എഴുത്തുകാരും, പണ്ഡിതന്മാരും പിറന്നു വീണ മണ്ണ്. വിശ്വ വ്യാഖ്യാധനായ ചരിത്രകാരനും എഴുത്തുകാരനുമായ കരീമാക്കയുടെ വാസ സ്ഥലം തൊട്ടടുത്ത്. മബുറം തങ്ങളുടെ പാത സ്പര്ശമേറ്റ നാട്. മാമുകാക്കയുടെയും, ബാപ്പുട്ടിന്റെയും രാഷ്ടീയ വെടിപ്പറച്ചിലുകളുടെ സംഗമ വേദി. കുന്നും, മലയും, ക്വാറിയും, എല്ലാം ഒരു കുടക്കീഴില്.
എയര്പോര്ട്ടിലും വിദേശത്തും ജോലിയെടുക്കുന്നവേരേറെയും. ചരിത്രത്തിന്റെ പിന് താളുകളില് കാണുന്ന കൊടക്കല്ല് സ്ഥിതി ചെയ്യുന്നത് ഇവിടെയായത് കൊണ്ട് തന്നെ ചരിത്രത്തിന്റെ ശേഷിപ്പുകള് ഇവിടെത്തെ കാലത്തെ തെളിയിക്കുന്നു.


ആനയുടെ മോഡലിലുള്ള ആനപ്പാറയും, കടലിന്റെ പൊക്കിള് എന്നറിയപ്പെടുന്ന പുതുക്കുളവും. എയര്പോര്ട്ട് കാണുന്ന പാലപ്പറന്പും, അതിനെ ചുറ്റിയുള്ള നാല് കുന്നുകളും സംഗമക്കുന്ന നാട്. പള്ളിക്കല്, കൊണ്ടോട്ടി എന്നീ മൂന്ന് പഞ്ചയാത്തുകളിലൂടെ കടന്നു പോകുന്നു. മുന്പേ പോയവര് അലങ്കരിച്ച അതേ സംസ്കാരം പിന്തുടരുന്നവര്. ജോലിയില്ലാതെ അലഞ്ഞുനടക്കുന്നവര് വിരളം. വിദ്യാഭ്യാസപരമായി 85% പ്രാധമിക വിദ്യാഭാസം കിട്ടിയവര്. മുസ്ലിം സമുദായം പിന്തുടരുന്നവര് ഭൂരിഭാഗം പേരും.


ഒത്തൊരുമയുടെ പര്യായമായിരുന്നു ആദ്യകാലത്തെ ചോലമാട് പള്ളിനിര്മ്മാണം. എല്ലാ എതിര്പ്പുകളേയും മറികടന്ന് ഒത്തൊരുമിച്ച് നമുക്ക് ഒരു പള്ളി എന്ന സ്വപ്നം പൂവണിഞ്ഞത്, .കോടതിയുടെ സ്റ്റേ അവഗണിച്ച് ഒഴിവുളള ദിവസമായ പെസഹ വ്യാഴവും ദ:ഖവെള്ളിയും അതിന് തെരെഞ്ഞടുത്തു..അങ്ങിനെ നാട്ടിലെ പ്രഗതഭരായ ആശാരിമാരെയും തേപ്പു പണിക്കാരെയും സംഘടിപ്പിച്ച് വെറും രണ്ട് ദിവസം കൊണ്ട് പള്ളിയുടെ കിളിവാതിലിലൂടെ ആദ്യ ബാങ്കൊലി (അല്ലാഹു അക്ബര്, അല്ലാഹു അക്ബര്.....) തുടക്കമിട്ട് ആദ്യ ജുമുഅ നിര് വ്വഹിച്ചു. ഈ പള്ളിയുടെ വരവോടു കൂടി ചൊലമാടിന്റെ മുഖച്ചായ തന്നെ മാറി. ചോലമാട് വികസിക്കുന്നതോടപ്പം ജനങ്ങളുടെ മാനസിക ശാരീരിക വികാസം, സമൂഹത്തില് കലയുടെയും, വിജ്ഞാനത്തിന്റെയും, സ്പോര്ട്സിന്റെയും പുതിയ വാതായനങ്ങള് തുറക്കുന്നതിലേക്കായി രണ്ട് പ്രധാന ക്ലബുകള് ഉടലെടുത്തു. സി.വൈ.സിയും, സഹൃദയയും ഇവര് ചോലമാടിനെ ജനങ്ങളിലേക്ക് അല്ലെങ്കില് കേരള ഭുപടത്തിലേക്ക് എത്തിക്കാന് സഹായിച്ചു. സി.വൈ.സിയുടെ നേതൃത്തില് ഒരു തുടര് വിദ്യാ-കേന്രം നാട്ടിലെത്തിക്കാന് തീവ്രമായ ശ്രമം നടത്തി ഫലം കണ്ടുവെങ്കിലും അതിന്റെ സ്ഥലം കണ്ടെത്തുന്നതില് ഗ്രാമ പഞ്ചായത്തിന്റെ അലംബാവം ഇവിടെ സ്മരിക്കാതെ വയ്യ.
ചോലമാടിനെ കേരളത്തിന്റെ ഇതര സ്ഥലങ്ങളെപ്പോലെ അറിയപ്പെടാനും കലാ-കായിക അവസരങ്ങളെ വിനിയോഗിക്കാനും കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിശിലിപ്പിക്കാനും വേണ്ട നല്ല ഒരു കളിമൈതാനം ചോലമാടിന്റെ ദൌര്ബല്യമാണ്, കേരളോത്സവം പോലോത്ത മത്സരങ്ങളില് നാടിനെ യശസ്സിലേക്കുയര്ത്താനും ഉറങ്ങിക്കിടക്കുന്ന കലകളെ വാര്ത്തെടുക്കാനുമുള്ള അവസരമാണ് കൌമാരങ്ങള്ക്ക് കിട്ടാതെ പോകുന്നത്. കരിപ്പൂര് എയര്പോര്ട്ടിന്റെ വികസനം ചോലമാടിന്റെ വികനസനവും കൂടുതല് തൊഴിലവസരങ്ങള് ലഭിക്കുകയും ചെയ്തതൊഴിച്ചാല് യുവാക്കള് വിദേശമദ്യത്തിനും ലഹരി പദാര്ത്ഥങ്ങള്ക്കും അടിമയാകുന്നതായി ചില റിപ്പോര്ട്ടുകളുണ്ട്. വിദേശപണത്തിന്റെ ആവിര്ഭാവം കൊണ്ട് കൂട്ടു കുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളിലേക്ക് ചേക്കേറി, പ്രവാസികള്ക്കായി ഏതൊരു ക്ഷേമ പ്രവര്ത്തനങ്ങളും ഇവിടെ നടക്കുന്നില്ല എന്നതൊരു പരമാര്ത്ഥം. മരുഭൂമിയുടെ ഗന്ധം നിലക്കുന്പോള് നാട്ടില് തൊഴിലിനായി അലയേണ്ടിവരുന്നവര് ചോലമാടിനെ മാത്രമല്ല കേരളത്തിനെ മൊത്തം ദാരിദ്രത്തിലേക്ക് തള്ളിവിടുന്നു. പ്രവാസികള്ക്ക് സ്വയം തൊഴില് പരിരക്ഷ പഞ്ചായത്തുകളിലൂടെ നടപ്പാക്കണം, നാട്ടില് ആളുകള്ക്ക് വിദ്യാഭ്യാസ പുരോഗതി കൈവന്നങ്കിലും കൂട്ടു കുടുംബ ഐക്യത്തില് വിള്ളലുകള് പഴയപോലെ തുടരുന്നു, പുതിയ തലമുറ ഇതിനെ മാറ്റിയെടുക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും പഴയ പിന്തുടര്ച്ചക്കാര് ഗൌനിക്കാതെ പോകുന്നു. ഇത് മറ്റു സാമൂദായിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില് പ്രതിഫലിക്കുന്നു. തന്മൂലം പുരോഗതിയുടെ വാതിലുകള് എന്നന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നു. പഴയ തലമുറയേയും പുതിയ തലമുറയേയും മനസ്സിലാക്കുന്ന നാടിനെ പുരോഗതിയിലേക്ക് നയിക്കാന് ആഗ്രഹിക്കുന്ന ഒരു കാരണവരുണ്ടാകേണ്ടിയിരിക്കുന്നു. എല്ലാവരും കാരണവന്മാരാകുന്ന അവസ്ഥക്ക് മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു, ഒരു നേതാവിന് കീഴില് അണിനിരക്കാവുന്ന രീതിയിലേക്ക് ചോലമാട് മാറേണ്ടിയിരിക്കുന്നു, വളര്ന്നു വരുന്ന തലമുറകള്ക്ക് മാതൃകയാകേണ്ടവര് മദ്യത്തിനും ചൂതാട്ടത്തിനും കുടുംബ കലഹങ്ങള്ക്കും അടിമയാകുന്പോള് ഭാവി വാഗ്ദാനങ്ങളെ കുറിച്ചോര്ക്കുന്നത് നന്നായിരിക്കും. വ്യക്തിത്വ വികസന ക്ലാസ്സുകളും, സാമൂഹിക ക്ഷേമ പരിപാടികളും നാട്ടിലെ സാമൂഹിക സാംസ്കാരിക മത-സംഘടനകള് നടത്തേണ്ടതുണ്ട്.“ഒരു വ്യക്തി നന്നായാല് ആ വീട് നന്നായി ഒരു വീട് നന്നായാല് ഒരു സമൂഹം നന്നായി ഒരു സമൂഹം നന്നായാല് ആ ലോകം തന്നെ നന്നായി” എന്നല്ലേ ചൊല്ല്, വ്യക്തിപരമായി ചോദിച്ചാല് എല്ലാവര്ക്കും പരസ്പരം നന്നാവണെമെന്നുണ്ട് പക്ഷെ അതിനുള്ള അവസരങ്ങള് കൈവരുന്നില്ല എന്ന പരാതിയേയുള്ളു. ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന് തുനിഞ്ഞിറങ്ങുന്ന ഒരു പറ്റം ആളുകള് ചോലമാടിന്റെ ഒരു ശാപമായിരിക്കാം. ഇവരെ തെരെഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു, പ്രാചീന കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ ഏഷണിയുടേയും, പരദൂഷണത്തിന്റെയും സിരാകേന്ദ്രമായ ‘ചോല’ വരെ അപ്രത്യക്ഷമായിരിക്കുന്നു, എന്നിട്ടും മനസ്സിന്റെ കറകള് മായാതെ പോയത് എന്താണെന്ന് മനസ്സിലാകാത്ത പരമാര്ത്ഥം. വിമര്ശകന്റെ കണ്ണിലൂടെ നോക്കിയാല് ചോലമാടിന്റെ ദോഷങ്ങള് അനവധിയാണെങ്കിലും മറ്റു തൊട്ടടുത്തുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് നല്ല രീതിയില് പോകുന്നു എന്നുവേണമെങ്കില് പറയാം. മുന്പുള്ള ചോലമാടിന്റെ എല്ലാ മേഖലകളിലുമുള്ള ഐക്യം ഇപ്പോള് വ്യക്തി ബന്ധങ്ങളുടെ വിള്ളലുകള് കൊണ്ടും മതപരമായിട്ടുള്ള വിള്ളലുകള് കൊണ്ടും ജനങ്ങളെ ഭിന്നിപ്പിലെത്തിക്കുന്നു. മതപരമായ വിള്ളലുകള് പലപ്പോഴും കുടുംബത്തിന്റെ അകത്തളങ്ങളിലേക്ക് കയറിചെല്ലുന്ബോള് കുടുംബ ബന്ധങ്ങളുടെ വില വലിച്ചറിയപ്പെടുന്നു.


പുത്തനാശയക്കാരുടെ കടന്നു കയറ്റം പ്രാചീന കൂട്ടു കുടുംബ വ്യവസ്ഥിതിയെ വിസ്ഫോടനത്തിലെത്തിക്കുന്നു. ആധുനിക കൌമാരങ്ങളുടെ ഇലക്ടോണിക് ചിന്ത ലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കന്പോള് അതിന്റെ അനാവശ്യമായ ചിന്ത അതായത് പുതിയ മൊബൈലിന്റെ കടന്നുകയറ്റം ചോലമാടിനെ സംബന്ധിച്ചിടത്തോളം 18 വയസ്സിനു താഴെയുള്ളവര് കൂടുതലായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ അധാര്മ്മികമായ ഉപയോഗത്തെ മതപരമായ ചിട്ടയില് മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഇലക്ടോണിക് മാധ്യമങ്ങള് യുവാക്കളിലുള്ള കടന്നുകയറ്റവും, മതപരമായ ചിന്തകളിലില്ലാതെ വരികയും ചെയ്യുന്പോള് അനിയന്, ജേഷ്ഠന് ബന്ധങ്ങളും, ഉമ്മ- മകന് ബന്ധങ്ങളും, അമ്മായി- മരുമകന് ബന്ധങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. വ്യക്തിബന്ധങ്ങള്ക്ക് വില കല്പിക്കുന്പോള് അത് ചിലപ്പോള് ഒരു നാടിന്റെ പുരോഗതിക്ക് കാരണമായേക്കാം. സഹോദരാ..ഉണരുക! ഉണര്ന്നു പ്രവര്ത്തിക്കുക. നമുക്കും നമ്മുടെ നാട്ടാര്ക്കും വേണ്ടി.

Facebook Comments

Type your E-mail ID